കഫ് സിറപ്പിനോട് സാമ്യമുള്ളതും ജീവന് തന്നെ ഭീഷണിയായതുമായ ഒരു വ്യാജ മരുന്നിനെതിരെ അതീവ ജാഗ്രതാ നിർദ്ദേശവുമായി മോൺട്രിയൽ പബ്ലിക് ഹെൽത്ത്. കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഈ മാരക ലഹരിമരുന്ന് വിപണിയിലെത്തുന്നത്. ലഹരി വിപണിയിൽ “Sizzurp”, “Lean” എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വയലറ്റ് നിറത്തിലുള്ള ഈ ദ്രാവകം, യഥാർത്ഥ മരുന്നിൻ്റേതിന് സമാനമായ പാക്കിംഗിലാണ് വിൽക്കുന്നത്.ഇതിൽ അതിശക്തമായ ഒപ്പിയോയിഡ് ആയ പ്രോട്ടോനിറ്റാസീനും (Protonitazene), ബെൻസോഡിയാസെപൈൻസും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുന്നത് അമിത ലഹരിക്കും മരണത്തിനും കാരണമാകും.
സോഡയിലോ മിഠായിയിലോ കലർത്തി ആകർഷകമായ രീതിയിലാണ് ലഹരി ഇടപാടുകാർ ഇത് വിൽക്കുന്നത്. കഴിക്കുന്നവർക്ക് ശ്വാസോച്ഛ്വാസം തടസ്സപ്പെടുക, അബോധാവസ്ഥയിലാവുക എന്നിവ സംഭവിക്കാം. മുൻകൂട്ടി തിരിച്ചറിയാൻ കഴിയാത്ത വിധം പെട്ടെന്ന് മരണം വരെ സംഭവിക്കാവുന്ന അതീവ ഗുരുതരമായ അവസ്ഥയാണിത്. 2023-ൽ ലാവലിൽ റിപ്പോർട്ട് ചെയ്ത ഒരു മരണം ഈ വ്യാജ സിറപ്പ് മൂലമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊരു യഥാർത്ഥ ഔഷധമല്ലെന്നും മരുന്നെന്ന വ്യാജേന എത്തുന്ന കെണിയാണെന്നും മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. മരുന്നിൻ്റെ പാക്കിംഗ് കണ്ട് ഇത് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കരുത്. കുട്ടികളുമായി ഇതിൻ്റെ അപകടത്തെക്കുറിച്ച് സംസാരിക്കണമെന്നും മോൺട്രിയൽ ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്നു.
പൊലീസുമായി ചേർന്ന് ഈ ലഹരിമരുന്നിൻ്റെ വിതരണം തടയാനുള്ള ശക്തമായ നടപടികളിലാണ് അധികൃതർ. ജാഗ്രത പാലിക്കുന്നത് അമൂല്യമായ ജീവനുകൾ രക്ഷിക്കാൻ സഹായിക്കും.